രക്തം കച്ചവടചരക്കല്ല ! രക്ത ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം, പരമാവധി ഈടാക്കാവുന്ന തുക വിവരങ്ങൾ അറിയാം
രക്തദാനത്തിന് പിന്നിൽ നടക്കുന്ന കൊള്ളയ്ക്ക് കേന്ദ്രസർക്കാറിന്റെ പൂട്ട്. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രക്ത ബാങ്കുകൾക്കും, ആശുപത്രികൾക്കും എതിരെയാണ് കേന്ദ്രത്തിന്റെ നടപടി. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, പ്രോസസിംഗ് ഫീസായി 250 രൂപ മുതൽ പരമാവധി 1550 രൂപ വരെ മാത്രമാണ് ഇനി ഈടാക്കേണ്ടത്. രക്തദാനം ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റരുതെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രക്ത ബാങ്കുകൾക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്.
പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗികൾക്കും, സർജറികൾക്ക് വിധേയമാകുന്നവർക്കും കേന്ദ്രത്തിന്റെ നടപടി ഏറെ ആശ്വാസമാണ്. പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ വരെ ഈടാക്കാവുന്നതാണ്. അതേസമയം, പ്ലാസ്മ, പ്ലേറ്റ്ലറ്റ് എന്നിവയുടെ ഒരു പായ്ക്കറ്റിന് 250 രൂപ മുതൽ 400 രൂപ വരെ മാത്രമേ ഈടാക്കാവൂ. രക്ത ബാങ്കുകൾ അമിത വില ഈടാക്കുന്നില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിർബന്ധമായും ഉറപ്പുവരുത്തണം. കേരളത്തിൽ പ്രതിവർഷം ശരാശരി 6 ലക്ഷം യൂണിറ്റ് രക്തം
ആവശ്യമായി വരാറുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം രക്തദാക്കളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് രക്ത ബാങ്കുകൾ ഇഷ്ടാനുസരണം വില
ഈടാക്കി തുടങ്ങിയത്.