അതിർത്തിയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന: തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം


ചണ്ഡീഗഡ്: അതിർത്തിയിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും 515 ഗ്രാമിലധികം ഹെറോയിൻ കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു. പഞ്ചാബിലെ ദാൽ ഗ്രാമത്തിൽ കള്ളക്കടത്തുകാരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി സുരക്ഷാ സേന പരിശോധന കർശനമാക്കിയിരുന്നു.

അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയലിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത DJI Mavic 3 classic മോഡൽ ഡ്രോണാണ് മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് അതിർത്തി സുരക്ഷാ സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്ത് ശ്രമം അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. അതിർത്തി വഴി വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നതിനാൽ പ്രദേശത്ത് ശക്തമായ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.