അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം


 

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കുന്നതെന്നും ആര്‍ക്കും നിയന്ത്രണങ്ങളില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദര്‍ശിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ യു.പി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയുന്നത്.

അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.