റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ എത്തുന്നു! സുപ്രധാന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
റെയിൽവേ ഗതാഗതത്തിന് കരുത്ത് പകരുന്ന ബുള്ളറ്റ് ട്രെയിനുകൾ ഉടൻ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 മുതൽ ബുള്ളറ്റ് ട്രെയിനുകളുടെ സർവീസ് ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ഗുജറാത്തിലെ സൂറത്ത് മുതൽ ബിലിമോറ വരെയാണ് സർവീസ് ഉണ്ടായിരിക്കുക. ജനുവരി 8-ന് ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
270 കിലോമീറ്റർ നീളമുള്ള വയർ ഡിക്റ്റ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഷെഡ്യൂൾ അനുസരിച്ചുള്ള മറ്റ് പ്രവൃത്തികൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മുംബൈ-താനെ കടലിനടിയിലെ തുരങ്കം പണിയും ആരംഭിച്ചിട്ടുണ്ട്. 8 നദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നതാണ്. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതിക്ക് തറക്കല്ലിട്ടത്. ഏകദേശം 1.08 ലക്ഷം കോടി രൂപയാണ് നിർമ്മാണ ചെലവ്.