അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്


ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഖനന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഇത് എട്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ജാർഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയക്കുന്നത്. ജനുവരി 16 നും 20 നും ഇടയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ സോറൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നില്ല. അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇത് നാലാം തവണയാണ് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകുന്നത്.

ജനുവരി 18-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തേ, മൂന്നുതവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല.