മുംബൈ: സ്ത്രീകളുടെ വികസനവും ഉന്നമനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരീശക്തി അഭിയാൻ എന്ന പ്രഖ്യാപനത്തോടെ ‘നാരീ ശക്തി ദൂത് ആപ്ലിക്കേഷനാണ്’ മഹാരാഷ്ട്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. നാരീ ശക്തി ദൂത് ആപ്ലിക്കേഷനിലൂടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ, വനിതാ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തുടങ്ങിയവ സ്ത്രീകൾക്ക് അതിവേഗത്തിൽ ലഭ്യമാകുന്നതാണ്.
മഹാരാഷ്ട്ര സർക്കാരും കേന്ദ്രസർക്കാരും ഓരോ വർഷവും സ്ത്രീകളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഇത്തരം പദ്ധതികളെ കുറിച്ച് സ്ത്രീകൾക്ക് പലപ്പോഴും കൃത്യമായ ധാരണ ലഭിക്കാറില്ല. ഈ പ്രശ്നം പരിഹരിക്കാൻ നാരി ദൂത് ശക്തി ആപ്ലിക്കേഷൻ പോലുള്ള മൊബൈൽ ആപ്പുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പദ്ധതികൾ അറിയുന്നതിന് പുറമേ, മറ്റ് ഫീച്ചറുകളും ഈ ആപ്പിൽ ലഭ്യമാണ്.
സർക്കാർ പുറത്തിറക്കുന്ന വിവിധ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കുന്നതിനായി സ്ത്രീകൾക്ക് നാരീ ശക്തി ദൂത് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ ആപ്പ് മുഖാന്തരം ഫോമുകൾ പൂരിപ്പിക്കാൻ കഴിയും. ജില്ലാ പൊതുജനക്ഷേമ ഓഫീസുകൾ വഴിയും സ്ത്രീ കേന്ദ്രീകൃത പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്.