ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എൻസിസി യോഗ്യതയുള്ളവർക്കാണ് ഇക്കുറി ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ കഴിയുക. ഇന്ത്യൻ ആർമിയിൽ 56-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ 55 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 10 വർഷത്തേക്കാണ് നിയമനം ഉണ്ടാവുക. പിന്നീട് ഇത് 4 വർഷം കൂടി ദീർഘിപ്പിക്കാൻ സാധിക്കും. താൽപ്പര്യമുള്ളവർ ഫെബ്രുവരി 6-ന് മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവുകൾ
പുരുഷൻ-50 (ജനറൽ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5(ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/ പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1)
പ്രായം
2024 ജനുവരി ഒന്നിന് 19-25 വയസ് പ്രായമുള്ളവർ ആയിരിക്കണം. അപേക്ഷകർ 1999 ജൂലൈ രണ്ടിനും, 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
50 ശതമാനം മാർക്കോടെ ബിരുദവും, എൻസിസി സർട്ടിഫിക്കറ്റും നേടിയവരായിരിക്കണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകാൻ കഴിയുന്നതാണ്.