ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തിയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍


 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തിയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തിയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും തയ്യാറാകുന്നതിന് വേണ്ടി നല്‍കിയ തിയതിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

തിയതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ‘റഫറന്‍സിനായി’ മാത്രമാണ് തിയതി ഏപ്രില്‍ 16 എന്ന് നല്‍കിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടര്‍മാര്‍. 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 3.75 ലക്ഷം പേര്‍ ഒഴിവായി. സംസ്ഥാനത്ത് 1,39,96,729 സ്ത്രീ വോട്ടര്‍മാരും 1,31,02,288 പുരുഷ വോട്ടര്‍മാരും ആണ് ഉള്ളത്.