അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ് പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുകൊടുത്തത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നല്‍കുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഭക്ഷണശാലകള്‍ അധികമില്ലാത്ത അയോധ്യ നഗരത്തില്‍ പുറമേനിന്നെത്തുന്നവരില്‍ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അയോധ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് എല്ലാ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
അയോധ്യയി യാത്രയ്ക്കായുള്ള എല്ലാ ഓണ്‍ലൈന്‍ ബുക്കിംഗുകളും റദ്ദാക്കി. തീര്‍ത്ഥാടകരുടെ ബസ് ചാര്‍ജ് റീഫണ്ടുകള്‍ ഉടനടി പ്രോസസ്സ് ചെയ്യുമെന്നും വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച അയോധ്യ ക്ഷേത്രത്തില്‍ പുതിയ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കന്‍ഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ ‘മുഖ്യ യജമാനന്‍’ എന്ന നിലയിലാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.