ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനില്‍ക്കുന്നത്.
മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര അറിയിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം അഞ്ച് ലക്ഷം പേരാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. അയോദ്ധ്യയിലെത്തുന്ന ഒരു വിശ്വാസിക്ക് പോലും ദര്‍ശനം നടത്താന്‍ അസൗകര്യമുണ്ടാകില്ലെന്നും ഭക്തര്‍ക്ക് സുഗമമായി ദര്‍ശന സൗകര്യം ഒരുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ലക്നൗ എഡിജി പിയൂഷ് മോര്‍ഡിയ പറഞ്ഞു.
ഭക്തരുടെ തിരക്ക് തുടരുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം നീട്ടാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. രാത്രി 10 മണിവരെയാണ് ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 8,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോദ്ധ്യയില്‍ വിന്യസിച്ചിരിക്കുന്നത്.