പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചത് 3 പേർക്ക്


ന്യൂഡൽഹി: രാജ്യത്ത് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പത്മശ്രീ പുരസ്‌കാരങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിൽ നിന്നും മൂന്നു പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽ നിന്നും പത്മശ്രീ പുരസ്‌കാരം നേടിയത്.

സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളിൽ നിന്ന് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും.

ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവർത്തകനായ ഛത്തീസ്ഗഡിൽ നിന്നുള്ള ജഗേശ്വർ യാദവ്, ഗോത്ര വിഭാഗത്തിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തക ജാർഖണ്ഡിൽ നിന്നുള്ള ചാമി മുർമു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവർത്തകനായ ഹരിയാനയിൽ നിന്നുള്ള ഗുർവിന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകനായ പഞ്ചിമ ബംഗാളിൽ നിന്നുള്ള ധുഖു മാജി, മിസോറാമിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ സംഘതൻകിമ, പരമ്പരാഗത ആയുർവേദ ചികിത്സകനായ ഛത്തീസ്ഗഢിൽ നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചൽ പ്രദേശിൽ നിന്നുള്ള ആയുർവേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കർണാടകയിൽ നിന്നുള്ള ഗോത്ര സാമൂഹിക പ്രവർത്തകൻ സോമണ്ണ തുടങ്ങിയവർക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നീണ്ട കാലത്തെ കലാ ജീവിതത്തിനു കിട്ടിയ അംഗീകാരമെന്ന് സദനം ബാലക്യഷണൻ പ്രതികരിച്ചു. അറുപത്തി ഏഴ് വർഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥൻമാർക്ക് സമർപ്പിക്കുന്നുവെന്നും കഥകളിയ്ക്ക് കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.