ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍. മലയാളി പെണ്‍കുട്ടി ജിയന്ന ആന്‍ ജിറ്റോയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെല്ലകെരെയിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജിയന്ന. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നതിനിടെയാണ് പ്രിൻസിപ്പൽ ഒളിവിൽ പോയതെന്നത് ശ്രദ്ധേയം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടി ചുമരിൽ തലയടിച്ച് വീണെന്നാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. എന്നാൽ, ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം നിലയിലെ ടെറസിൽ നിന്ന് താഴേക്ക് വീണതായി സംശയിക്കുന്നെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആൻ ജിജോയുടെ കുടുംബം രംഗത്തെത്തി. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം.
കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം പറയുന്നു. കുട്ടിയുടെ വീട്ടുകാരാണ് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഎ ആശുപത്രിയിലേക്ക് ജിയന്നയെ മാറ്റിയത്. എന്നാല്‍ അപ്പോഴേക്കും കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.