ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി കൊലപാതകം: ഭർതൃമതിയായ അധ്യാപികയുടെ മരണത്തിൽ അയൽവാസിയായ 22കാരൻ അറസ്റ്റിൽ


ബെംഗളൂരു; വിവാഹിതയായ സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ(28) കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസിയായ യുവാവാണ് അറസ്റ്റിലായത്. വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നാണ് യുവതിയുടെ അയൽവാസിയായ നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പിൽ മറവു ചെയ്ത നിലയിലാണ് ദീപികയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മണ്ഡ്യയിലെ മേലുക്കോട്ടെയിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു യുവതി. നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

എന്നാൽ കുടുംബാംഗങ്ങൾ ശക്തമായ താക്കീത് നൽകിയതോടെ ദീപിക പിന്മാറി. ഇതിൽ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭർത്താവ് ലോകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

‘കഴിഞ്ഞ ഒരു വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇവർ ഇടക്കിടെ പരസ്പരം കണ്ടുമുട്ടുകയും ഫോണിലൂടെ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ദീപികയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ഈ യുവാവിനെ ഗ്രാമത്തിൽ നിന്ന് കാണാതായത്. വിജയനഗര ജില്ലയിലെ ഹൊസപേട്ടയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്’, എസ്പി യതീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.