അയോധ്യ രാമക്ഷേത്രം: ഭക്തജനത്തിരക്കേറുന്നു, ആരതിയുടെ സമയക്രമം പുനക്രമീകരിച്ചു


പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്. നിലയ്ക്കാത്ത ഭക്തജനപ്രവാഹം കണക്കിലെടുത്ത് ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുനക്രമീകരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പുതുക്കിയ സമയക്രമം അനുസരിച്ച്, ശ്രീം​ഗാർ ആരതി രാവിലെ 4:30-നാണ് നടക്കുക. തുടർന്ന് മംഗള ആരതി 6:30-ന് ആരംഭിക്കും. ഇതിനുശേഷം രാവിലെ 7:00 മണി മുതലാണ് ഭക്തർക്ക് ദർശനം നടത്താൻ സാധിക്കുക. ഭോഗ് ആരതിയുടെ ഒന്നാം ഘട്ടം ഉച്ചയ്ക്കും, രണ്ടാം ഘട്ടം രാത്രി 8:00 മണിക്കും നടക്കും. വൈകിട്ടത്തെ ആരതി 7:30-നാണ് ഉണ്ടാവുക.

രാത്രി 10:00 മണിക്ക് ശയൻ ആരതി കഴിയുന്നതോടെ ഒരു ദിവസത്തെ പൂജകൾക്ക് സമാപനമാകും. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. തുടർന്ന് ജനുവരി 23 മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.