ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം യുവാവിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. ബിഹാര്‍ സ്വദേശി പാണ്ഡവാണ് തന്റെ പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഡല്‍ഹി ശകൂര്‍ ബസ്തി പ്രദേശത്തെ റെയില്‍പാളത്തിന് സമീപത്തുനിന്നാണ് 25-30 വയസ്സുവരുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ കഴുത്ത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കീറിയ നിലയിലായിരുന്നു. നിരവധി തവണ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുപതിലധികം വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. രക്തക്കറ പറ്റിയ തകര്‍ന്ന ഒരു കത്തിയും ഷേവിങ് ബ്ലെയ്ഡും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി.
തുടര്‍ന്ന് റാണഭാഗ് പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ ജിതേന്ദര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിലെത്തിയ കഥ പുറത്താകുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 100 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ നിന്നാണ് പാണ്ഡവിനെ തിരിച്ചറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പാണ്ഡവ് കുറ്റം സമ്മതിച്ചു. ബിഹാര്‍ സ്വദേശികളാണ് പാണ്ഡവും യുവതിയും. ഒന്നരവര്‍ഷമായി പര്സപരം അറിയാം. എന്നാല്‍ കുറച്ചുനാളുകളായി യുവതി പാണ്ഡവിനെ അവഗണിക്കുകയാണെന്ന് അയാള്‍ക്ക് തോന്നി. ഇതോടെ വേറെ പ്രണയബന്ധമുണ്ടെന്ന് കരുതിയ പ്രതി യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് കത്തികളുമായാണ് പാണ്ഡവ് യുവതിയെ കാണാനായി എത്തിയത്. തന്റെ വാടകവീട്ടില്‍ കഴിയണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി വഴങ്ങിയില്ല. ഇതോടെ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ കത്തി ഉപയോഗിച്ച് യുവതിയുടെ ദേഹത്ത് കുത്തിയ ഇയാള്‍ യുവതി മരിച്ചെന്ന് ഉറപ്പായതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.