കേരളത്തിൽ ട്രെയിനുകളുടെ വേ​ഗംകൂട്ടൽ പ്രവർത്തികൾ വേഗത്തിൽ, വളവുകൾ നികത്താൻ സ്ഥലമേറ്റെടുത്തുനൽകേണ്ടത് സംസ്ഥാനം- റെയിൽവേ


ചെന്നൈ: കേരളത്തിൽ ട്രെയിനുകളുടെ വേ​ഗം കൂട്ടൽ പ്രവർത്തികൾക്ക് അതിവേ​ഗമെന്ന് റയിൽവെ. ഇത് സംബന്ധിച്ച പ്രവർത്തികൾ കേരളത്തിൽ ദ്രുത​ഗതിയിൽ നടക്കുന്നുണ്ടെന്നും ദക്ഷിണ റയിൽവെ ജനറൽ മാനേജർ ആർ എൻ സിങ് വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ റെയിൽവേക്ക്‌ അനുവദിച്ച പദ്ധതികൾ വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റയിൽപാതയുടെ വളവുകൾ മാറ്റാനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദഹം വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് മണിക്കൂറിൽ 100-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കായംകുളത്തേക്ക് 80-ൽനിന്ന് 100 കിലോമീറ്ററായും വേഗം വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാർച്ച് അവസാനത്തോടെ വേഗം കൂട്ടാനാകുമെന്ന് ആർ.എൻ. സിങ് അറിയിച്ചു.

എറണാകുളം-കോട്ടയം-കായംകുളം റൂട്ടിൽ ഏപ്രിൽ അവസാനത്തോടെ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 90-ൽനിന്ന് 100 കിലോമീറ്ററായി വർധിപ്പിക്കും. ഈവർഷം മേയോടെ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ വേഗം മണിക്കൂറിൽ 80-ൽനിന്ന് 85 കിലോമീറ്ററായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹകരണവും ആവശ്യമാണ്. വളവുകൾ നികത്താനായി സ്ഥലമേറ്റെടുത്തുനൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും ആർ.പി. സിങ് പറഞ്ഞു.