22 വർഷത്തിന് ശേഷം കാണാതായ മകൻ തിരികെ എത്തി: മടങ്ങി വന്നത് സന്ന്യാസിയുടെ വേഷത്തിൽ, ഭിക്ഷ വാങ്ങി മടക്കം


ലക്‌നൗ: കാണാതായ മകൻ 22 വർഷങ്ങൾക്ക് ശേഷം സന്യാസിയുടെ വേഷത്തിൽ തിരിച്ചെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം ഉണ്ടായത്. അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിച്ച ശേഷം മകൻ മടങ്ങുകയും ചെയ്തു.

11 -ാം വയസിലാണ് രതിപാൽ സിംഗിനും ഭാനുമതിയ്ക്കും തങ്ങളുടെ മകൻ റിങ്കുവിനെ നഷ്ടപ്പെട്ടത്. ഗോലി കളിക്കുന്നത് പിതാവ് വിലക്കിയതിനെ തുടർന്നുണ്ടായ വഴക്കിനെ തുടർന്ന് റിങ്കു വീട് വിട്ടു പോകുകയായിരുന്നു. അമ്മ ഭാനുമതി കൂടി ശകാരിച്ചതോടെ റിങ്കുവിന് വിഷമം കൂടിയത്. ഇതോടെ റിങ്കു ആരോടും പറയാതെ വീട് വിട്ടിറങ്ങി. ഇതിനിടെ രതിപാൽ സിംഗും ഭാനുമതിയും ഡൽഹിയിലേക്ക് താമസം മാറി. 22 വർഷങ്ങൾക്ക് ശേഷം റിങ്കു നാട്ടിൽ തിരിച്ചെത്തി. സന്ന്യാസിയായിട്ടായിരുന്നു റിങ്കുവിന്റെ മടങ്ങി വരവ്.

റിങ്കുവിനെ തിരിച്ചറിഞ്ഞ ഗ്രാമവാസികൾ ഉടനെ രതിപാൽ സിംഗിനെയും ഭാനുമതിയെയും വിവരം അറിയിക്കുകയായിരുന്നു. മകന്റെ ശരീരത്തിലെ മറുകിന്റെ പാട് സന്യാസിയുടെ ശരീരത്തിലും കണ്ടതോടെ ഇരുവരും റിങ്കുവിനെ തിരിച്ചറിഞ്ഞു. താൻ വന്നത് അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിക്കാനാണെന്നും സന്യാസ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിക്കലെന്നും റിങ്കു വ്യക്തമാക്കി. ഭിക്ഷ ലഭിച്ചുകഴിഞ്ഞാൽ താൻ തിരികെ പോകുമെന്നും റിങ്കു മാതാപിതാക്കളെ അറിയിച്ചു.