വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു


ലക്‌നൗ: വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗങ്ങളാണ് പിടിയിലായവര്‍. മൗലാന ഹബീബ് യൂസഫ് പട്ടേല്‍ (പ്രസിഡന്റ്), മൗലാന മൊയ്ദ്ഷീര്‍ സപാഡിയ (വൈസ് പ്രസിഡണ്ട്), മുഹമ്മദ് താഹിര്‍ സക്കീര്‍ ഹുസൈന്‍ ചൗഹാന്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അന്‍വര്‍ (ട്രഷറര്‍) എന്നിവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയില്‍ വിട്ടു.

ലക്‌നൗവിലെ ഇവരുടെ ഓഫീസില്‍ നടന്ന പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. 10,000രൂപയാണ് ഇവര്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റിനായി വാങ്ങിയിരുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മുംബൈയിലെ ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയോ, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തെയോ അധികാരപ്പെടുത്തിയിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കി.

2023 നവംബറിലാണ് കേസ് രജിസ്റ്റര്‍ ചെയതത്. അറസ്റ്റിലാവരുടെ നേതൃത്വത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് യുപി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി കേസ് എസ്ടിഎഫിന് കൈമാറി. മാംസത്തിനും മാംസ ഉല്‍പന്നങ്ങള്‍ക്കും പുറമെ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ഇവര്‍ പണം കൈപ്പറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

 

2023 നവംബറില്‍ യുപി സര്‍ക്കാര്‍ ഹലാല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കാനും, മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനും ചില കമ്പനികള്‍ക്കും സംഘടനകള്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.