മണിപ്പൂരിൽ ബിഎസ്എഫ് സൈനികന് നേരെ ആക്രമണം. കാക്ചിംഗ് ജില്ലയിലാണ് ആക്രമണം. തോക്കുധാരികളായ ആളുകൾ ബിഎസ്എഫ് സൈനികന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ജവാന് ഗുരുതര പരിക്കേറ്റു. ആക്രമികൾ ബിഎസ്എഫ് ജവാൻമാർക്ക് നേരെ അപ്രതീക്ഷിതമായാണ് വെടിയുതിർത്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ മേഖലയിൽ സംഘർഷം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചുരാചന്ദ്പൂരിൻ്റെയും ചന്ദേലിൻ്റെയും അതിർത്തിയിലുള്ള പ്രശ്നബാധിത പ്രദേശമായ സുഗ്നുവിലാണ് തോക്കുധാരികളായ സംഘം വെടിയുതിര്‍ത്തത്. വെടിവെയ്പ്പിൽ ഹിമാചൽ സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ സോം ദത്തിനാണ് പരിക്കേറ്റത്. ഇടതു തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന.