ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും വലിയ മേൽപ്പാലം. ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 1400 കോടി രൂപയാണ് കശ്മീരിലുള്ള ചെനാബ് പാലത്തിന്റെ മുതൽ മുടക്ക്. 359 മീറ്റർ ഉയരത്തിലുള്ള പാലത്തിന് 1.315 കിലോമീറ്റർ നീളമുണ്ട്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്റെ ഭാഗമാണ് ചെനാബ് പാലം. 35,000 കോടി നിർമ്മാണ ചെലവിലാണ് ഉധംപൂർ- ശ്രീനഗർ-ബരാമുള്ള റെയിൽവേ ലിങ്ക് നിർമ്മിക്കുന്നത്.
ഇഫൽ ടവറിനക്കാൾ ഉയരത്തിലാണ് ഇന്ത്യയുടെ ചെനാബ് പാലമുള്ളത്. 330 മീറ്റർ ഉയരുമുള്ള ഈഫൽ ടവറിനൊപ്പം ഒരു പത്ത് നില കെട്ടിടവും ചേർത്തുവെച്ചാലെ ചെനാബ് പാലത്തിനൊപ്പമെത്തൂ. 120 വർഷം കാലദൈർഘ്യമുണ്ടാകും ചെനാബ് റെയിൽവേ പാലത്തിന്. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാനുള്ള കഴിവും പാലത്തിനുണ്ട്. ഇന്ത്യയിലെ എഞ്ചിനീയർമാർ സമീപകാലത്ത് ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പാലത്തിന്റെ നിർമ്മാണം.
അതേസമയം, ഗന്ദർബാൽ, കുപ്‌വാര ജില്ലകളിൽ കുടിയിറക്കപ്പെട്ട കശ്മീരി ഹിന്ദുക്കൾക്കായി നിർമിച്ച 244 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഫെബ്രുവരി 20 ന് നിർവ്വഹിക്കും. ഒമ്പതിടങ്ങളിലായി 2816 ഫ്ളാറ്റുകൾ നിർമിക്കുന്നതിനുള്ള തറക്കല്ലിടൽ കർമ്മവും അദ്ദേഹം നടത്തും. പ്രധാനമന്ത്രിയുടെ സന്്ദർശനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 20 വരെ ജില്ലയിൽ ഡ്രോൺ, പാരാഗ്ലൈഡർ, പാരാമോട്ടർ, ഹാംഗ് ഗ്ലൈഡർ, യുഎവി എന്നിവയുടെ പ്രവർത്തനം പൂർണമായി നിരോധിച്ചിരിക്കുകയാണ്. ജമ്മു ഡിഎം അവ്നി ലവാനിയ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.