വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ, എന്നാല്‍ എനിക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ ക്ഷണങ്ങളുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അതിനർത്ഥം ലോകമെമ്ബാടുമുള്ള വിവിധ രാജ്യങ്ങള്‍ക്ക് ബിജെപി സർക്കാരിൻ്റെ തിരിച്ചുവരവില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട് എന്നാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. എൻ്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വീട് നിർമിച്ചുനല്‍കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 100 ദിനങ്ങള്‍ വളരെ നിർണായകമാണെന്ന് ഭാരത് മണ്ഡപത്തിലെത്തിയ ബിജെപി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ വോട്ടർമാരിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസം നേടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.