പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ എയിംസ് ഉദ്ഘാടനം നാളെ


ന്യൂഡൽഹി: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മുകശ്മീരിലെത്തുന്ന പ്രധാനമന്ത്രി സാംബ ജില്ലയിലെ എയിംസ് ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 25-ന് ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന പരിപാടിയിൽ രാജ്കോട്ട്, മംഗളഗിരി, ബതിന്ഡ, റായ്ബറേലി, കല്യാണി എന്നിവിടങ്ങളിലെ അഞ്ച് ആശുപത്രികൾ നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 2019 ഫെബ്രുവരിയിലാണ് ജമ്മുവിലെ എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഇത് നിർമ്മിക്കുന്നത്. 1,660 കോടിയിലധികം രൂപ ചെലവിൽ 227 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 720 കിടക്കകൾ, 125 സീറ്റുകളുള്ള മെഡിക്കൽ കോളേജ്, 60 സീറ്റുകളുള്ള ഒരു നഴ്‌സിംഗ് കോളേജ്, 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നുണ്ട്.