17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു, പ്രദേശത്തെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം
മധ്യപ്രദേശിലെ മൈഹാനിൽ 17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഇത് അഞ്ചാം പനിയെ തുടർന്നാണോയെന്ന് ഉടൻ പരിശോധിക്കുന്നതാണ്. 17 കുട്ടികളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ എട്ട് ഗ്രാമങ്ങളിലെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. മൂന്ന് ദിവസത്തേക്ക് സ്കൂളുകൾ അടച്ചിടണമെന്നാണ് നിർദ്ദേശം. നിലവിൽ, അഞ്ചാംപനി കൂടുതൽ ആളുകളിലേക്ക് പടരുന്നത് പ്രതിരോധിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഫെബ്രുവരി 14, 16 തീയതികളിലായാണ് രണ്ട് കുട്ടികൾ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 8 ഗ്രാമങ്ങളിലെ 17 കുട്ടികൾക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഇവരിൽ 7 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ 8 ഗ്രാമങ്ങളിലെ അഞ്ച് കിലോമീറ്റർ പരിധിയിൽ മെഡിക്കൽ സംഘം സർവ്വേ നടത്തുന്നതാണ്. കൂടാതെ, പൊതുപരിപാടികളിൽ കുട്ടികൾ ഒരുമിച്ച് കൂടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.