അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല: ബിജെപി വാഗ്ദാനം നിറവേറ്റിയെന്ന് അമിത് ഷാ


ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺഗ്രസ് സർക്കാരുകൾ യാഥാർത്ഥ്യമാക്കിയില്ല. രാമക്ഷേത്രം പൂർത്തിയായപ്പോൾ കോൺഗ്രസ് ആ മഹത്തായ ചടങ്ങിനെ ബഹിഷ്‌കരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് രാമക്ഷേത്ര വിഷയം തീർപ്പാക്കിയില്ല. ലോകം മുഴുവൻ ആരാധിക്കുന്ന ഭഗവാൻ രാമൻ ടെന്റിലായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ ഒരു ഘട്ടത്തിലും കോൺഗ്രസ് ഉദ്ദേശിച്ചിരുന്നുമില്ല. എന്നാൽ രാമക്ഷേത്രം പണിയുമെന്ന് തങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ക്ഷേത്രം ബിജെപി എന്ന് നിർമ്മിക്കും എന്ന് പറഞ്ഞ് കോൺഗ്രസ് തങ്ങളെ പരിഹസിച്ചു. എന്നാൽ രാമക്ഷേത്രം പണിയുമെന്ന തങ്ങളുടെ വാഗ്ദാനം ജനുവരി 22-ന് തങ്ങൾ നിറവേറ്റിയെന്നും ചടങ്ങിന്റെ ക്ഷണം കോൺഗ്രസ് നിരസിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി 22 നാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത് ജനുവരി 23-നാണ്. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയത്.