മഹാരാഷ്ട്ര: മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് പുറത്ത് 54 സ്ഫോടക വസ്തുക്കൾ കണ്ടെത്തി. റെയിൽവേ പോലീസും ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ ഊർജ്ജിതമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ഇത് പർവതങ്ങൾ തകർക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഡിറ്റണേറ്ററാണ്. റെയിൽവേ സ്റ്റേഷനു സമീപം ഇതെങ്ങനെ വന്നു? ആരെങ്കിലും മറന്നുവെച്ചതാണോ അതോ മനപ്പൂർവം ഇവിടെ ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
കല്യാൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. താനെ ജില്ലയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ രണ്ട് പെട്ടികളിലായിട്ടാണ് 50-ലധികം ഡിറ്റണേറ്ററുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെൻട്രൽ റെയിൽവേ (സിആർ) റൂട്ടിലെ സാധാരണ തിരക്കേറിയ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ശ്രദ്ധിക്കാതെ കിടക്കുന്നത് ജിആർപിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡോഗ് സ്ക്വാഡിനെയും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിനെയും (ബിഡിഡിഎസ്) ഉടൻ വിളിച്ചുവരുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബിഡിഡിഎസ് സംഘം പെട്ടികൾ കസ്റ്റഡിയിലെടുക്കുകയും തുറന്നപ്പോൾ അവയ്ക്കുള്ളിൽ 54 ഡിറ്റണേറ്ററുകൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കല്യാൺ ജിആർപി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. താനെ സിറ്റി പോലീസ് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഡിറ്റണേറ്ററുകൾ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.
താനെ ജില്ലയിൽ തടാകങ്ങളിൽ അനധികൃതമായി മീൻ പിടിക്കുന്നതിനും ക്വാറികളിൽ സ്ഫോടന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഡിറ്റണേറ്ററുകൾ ഉപയോഗിച്ച് വരാറുണ്ട്. വെള്ളത്തിലൂടെ ഷോക്ക് തരംഗങ്ങൾ അയയ്ക്കാൻ ഡിറ്റണേറ്ററുകൾ ഉപയോഗിക്കുന്നു. മുംബൈ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള കല്യാൺ റെയിൽവേ സ്റ്റേഷൻ ദീർഘദൂര, സബർബൻ ട്രെയിനുകൾ സർവീസ് നടത്തുന്ന സ്റ്റേഷൻ ആണ്. സാധാരണയായി ഈ സ്റ്റേഷൻ വളരെ തിരക്കേറിയതാണ്.