എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല പ്രതിച്ഛായ: പ്രശംസയുമായി ശശി തരൂർ


ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല ഒരു പ്രതിച്ഛായ ഉണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്സിന ഡയലോഗിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വർഷം മുമ്പ് ആരംഭിച്ച റെയ്സിന ഡയലോഗ് വളരെ നല്ല ഒരു ആശയമാണ്. കാരണം, ഇതിൽ നിരവധി രാജ്യങ്ങൾ, ഏകദേശം 118 രാജ്യങ്ങൾ പങ്കെടുക്കുന്നു. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ മാത്രമല്ല, പരസ്പരം കാണാൻ ഒത്തുകൂടുന്ന സ്ഥലമായി ഇന്ത്യ മാറുന്നു. ഇവിടെ പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. റെയ്സിന ഡയലോഗ് വളരെ നല്ല ഒരു സംരംഭമായി താൻ കരുതുന്നു. വിദേശകാര്യ മന്ത്രാലയവും ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല ഒരു സ്വകാര്യ-പൊതു പങ്കാളിത്തമാണ് റെയ്സിന ഡയലോഗ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടാക്കാൻ സാധിക്കും. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് നല്ല ഒരു പ്രതിച്ഛായ ഉണ്ടാകും. ഇത് മുന്നോട്ടും പ്രധാന്യത്തോടെ തന്നെ പോകുമെന്ന് താൻ വിശ്വസിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു.