നിർമ്മാണ ചെലവ് 980 കോടി രൂപ: രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലം സുദർശൻ സേതുവിന്റെ ഉദ്ഘാടനം നാളെ


ഗാന്ധിനഗർ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഗുജറാത്തിലെ ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നാളെയാണ് പാലത്തിന്റെ ഉദ്ഘാടനം. പാലം നിർമ്മിച്ചിരിക്കുന്നത് നാലുവരി പാതയായാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ പാലത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചിരുന്നു. 980 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 2.32 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഓഖ-ബെയ്റ്റ് ദ്വാരക സിഗ്‌നേച്ചർ ബ്രിഡ്ജ് എന്നും ഈ പാലം അറിയപ്പെടുന്നു. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് പാലത്തിലെ നടപ്പാത അലങ്കരിച്ചിരിക്കുന്നത്.

ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക എന്നത്. പകൽസമയത്തുള്ള ബോട്ട് ഗതാഗതമായിരുന്നു ഇവിടേക്കുള്ള ഏക സഞ്ചാര സാധ്യത. സുദർശൻ സേതു പാലം തുറന്നു നൽകുന്നതോടെ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും പ്രദേശവാസികൾക്കും അത് ഏറെ ഗുണം ചെയ്യും.

അതേസമയം, പാലത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി എത്തുമ്പോൾ പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തിലും ദ്വാരകാധീഷ് ക്ഷേത്രത്തിലും ദർശനം നടത്തുമെന്ന് അധികൃതതർ വ്യക്തമാക്കി.