ലക്നൗ: പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ സ്ഥിതി ചെയ്യുന്ന പടക്ക നിര്‍മ്മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇപ്പോള്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
‘ഭാര്‍വാരിയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തമുണ്ടായി. നാലുപേര്‍ മരണപ്പെടുകയും അഞ്ചിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറി ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്’ എസ്പി ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ഈ മാസം ആറിന് മധ്യപ്രദേശിലെ ഹാര്‍ദയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.