പകർച്ചവ്യാധികൾ തടയാൻ രാപ്പകൽ നീണ്ട ദൗത്യം! ഒരൊറ്റ ദിവസം ഇല്ലാതാക്കിയത് 2080 എലികളെ


മുംബൈ: പകർച്ചവ്യാധികളെ തുരത്താൻ രാപ്പകൽ ദൗത്യത്തിന് തുടക്കമിട്ട് ബിഎംസി. ഒരൊറ്റ ദിവസം കൊണ്ട് ബിഎംസിയുടെ നേതൃത്വത്തിൽ 2080 ഓളം എലികളെയാണ് ഇല്ലാതാക്കിയത്. ജി നോർത്ത് വാർഡിലാണ് (മാഹിം, ധാരാവി, ദാദർ) ബിഎംസി ദൗത്യം പൂർത്തിയാക്കിയത്. പ്ലേഗ്, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. ബിഎംസി പതിവായി ഇത്തരം ദൗത്യങ്ങൾ നടത്താറുണ്ട്.

ഒരു പെസ്റ്റ് കൺട്രോൾ ഉദ്യോഗസ്ഥനും, ജി നോർത്ത് വാർഡിലെ 13 സൂപ്പർവൈസറി സ്റ്റാഫുകളും, 45 തൊഴിലാളികളും ചേർന്നാണ് എലികളെ തുരത്തുന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. 55 കിലോഗ്രാം ഗോതമ്പ് പൊടിയിൽ സിങ്ക് ഫോസ്ഫൈഡും, സെൽഫോസും കലർത്തിയാണ് മിശ്രിതം തയ്യാറാക്കിയത്. ഇവ ദാദർ, ധാരാവി, മാഹിം പ്രദേശങ്ങളിലെ 9,035 കുഴികളിൽ നിക്ഷേപിച്ചിരുന്നു. 24 മണിക്കൂറിനു ശേഷം ബിഎംസി സംഘം കുഴികൾ പരിശോധിച്ചപ്പോഴാണ് 2,080 ചത്ത എലികളെ കണ്ടെത്തിയത്.