കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍


ന്യൂഡല്‍ഹി: അഞ്ചുദിവസം മുൻപ് ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി. ഈ മാസം 24 മുതൽ കാണാതായ വര്‍ഷ (28)യുടെ മൃതദേഹം ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വര്‍ഷ.

ഫെബ്രുവരി 23നു തന്റെ ബിസിനസ് പങ്കാളിയായ സോഹന്‍ലാലിനെ കാണാനായി വീട്ടില്‍ നിന്നു പോയതാണ് വര്‍ഷ. സോഹന്‍ലാലുമായി ചേര്‍ന്ന് വര്‍ഷ ഒരു പ്ലേസ്‌കൂള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നതായി പിതാവ് വിജയ് കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

read also: സിദ്ധാർത്ഥിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സ്‌കൂളിനുള്ളിലെ സ്റ്റേഷനറി കടയില്‍ നിന്നാണ് വര്‍ഷയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ നാല് ദിവസമായി അടഞ്ഞു കിടന്ന കട ഉടമയുടെ സഹായത്തോടെ വിജയകുമാർ കുത്തിത്തുറന്ന് അകത്ത് നിന്ന് മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വര്‍ഷയുടെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നത് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. അതേസമയം മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് വര്‍ഷയുടെ കുടുംബം ആരോപിച്ചു.

‘ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ഒരു അജ്ഞാതനാണ് ഫോണെടുത്തത്, സോനിപ്പത്തിലെ റെയില്‍വേ പാളത്തിനു സമീപത്തു നിന്നാണ് അയാള്‍ വര്‍ഷയുടെ ഫോണില്‍ സംസാരിച്ചത്. ഒരു പുരുഷന്‍ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് വീഡിയോകോള്‍ ചെയ്തു. സോഹനായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചയാള്‍. എന്നാല്‍ ഉടന്‍ തന്നെ അവിടെ എത്തിയെങ്കിലും സോഹനെ കണ്ടെത്താന്‍ കഴിഞ്ഞില്ല’- വിജയ് കുമാര്‍ പറഞ്ഞു.