യാത്രാ പ്രേമികളുടെ ഇഷ്ട ഇടമായി യുപി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്


ലക്നൗ: ഉത്തർപ്രദേശിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ടൂറിസം വകുപ്പ് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 2,758 കോടി രൂപയുടെ 762 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക രീതിയിലേക്ക് മുഖംമിനുക്കിയതോടെ യാത്ര പ്രേമികളുടെ ഇഷ്ട ഇടമായി മാറാൻ യുപിക്ക് സാധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വരവ് നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സർക്കാർ കൃത്യമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അതിനാൽ, വിനോദസഞ്ചാരികൾക്ക് യാതൊരു ഭയവും ഇല്ലാതെ അയോധ്യയിലും കാശിയിലും എത്താൻ സാധിക്കും. ടൂറിസം മേഖല വളർച്ച പ്രാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള നിക്ഷേപ സാധ്യതകളും ഉയർന്നിട്ടുണ്ട്.

‘ഇന്ന് പുതിയ ഉത്തർപ്രദേശിനാണ് നാം ഏവരും സാക്ഷ്യം വഹിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ടൂറിസം മേഖലയിൽ വലിയ പുരോഗതി കൈവരിക്കാൻ ഉത്തർപ്രദേശിന് സാധിച്ചു. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ടൂറിസം മേഖല വിപുലീകരിക്കുന്നതിൽ അയോധ്യയുടെ വളരെ വലുതാണ്. കൂടാതെ, പൈതൃകവും പാരമ്പര്യവും കോർത്തിണക്കുന്ന കാശി, ഗോരഖ്പൂർ എന്നിവ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്’, യോഗി ആദിത്യനാഥ് പറഞ്ഞു.