ന്യൂഡല്‍ഹി: ഉള്ളി തേടി ഇന്ത്യയിലെത്തി വിവിധ രാജ്യങ്ങള്‍. ഇതോടെ ഭൂട്ടാന്‍, മൗറീഷ്യസ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴി ആണ് ഉള്ളി കയറ്റുമതി ചെയ്യുക. കയറ്റുമതിക്കുള്ള അനുമതി നല്‍കണമെന്ന ഉള്ളികര്‍ഷകരുടെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്.
ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് 3,000 ടണ്ണും, ബഹ്റൈനിലേക്ക് 1,200 ടണ്ണും മൗറീഷ്യസിലേക്ക് 550 ടണ്ണും ഉള്ളി കയറ്റുമതി ചെയ്യും എന്ന് രാജ്യത്തെ വിദേശ വ്യാപാരം കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഡിജിഎഫ്ടി പ്രവര്‍ത്തിക്കുന്നത്. യു.എ.ഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മൊത്തം 64,400 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞ ആഴ്ച ഇന്ത്യ അനുമതി നല്‍കിയിരുന്നു.