യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഈ കാടന്‍ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണെന്നും നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ നീതി തേടുമ്പോള്‍ അവരുടെ കുടുംബത്തെ തകര്‍ക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

‘കൂട്ടബലാത്സംഗത്തിന് ഇരകളായ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കാണ്‍പൂരില്‍ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ കുടുംബത്തിന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് ഹത്രാസ്, ഉന്നാവ് എന്നവിടങ്ങളിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസിലാകുന്നത്’- പ്രിയങ്ക എക്‌സില്‍ കുറിച്ചു.