ഇറ്റാനഗർ: സെല ഇരട്ട തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ പുതുതായി നിർമ്മിച്ച സെല ടണൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ടപ്പാതയാണ്. ഇറ്റനഗറിൽ എത്തിയ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ്
ഉദ്ഘാടനം നിർവഹിച്ചത്. 2019 ഫെബ്രുവരി 9ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുരങ്കത്തിന്റെ തറക്കല്ലിട്ടത്. അതേവർഷം ഏപ്രിൽ ഒന്നിന് ടണലിന്റെ നിർമ്മാണവും ആരംഭിക്കുകയായിരുന്നു.
ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമായ ഈ മേഖലയിൽ ടണൽ നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. ഇവയെല്ലാം തരണം ചെയ്ത് വെറും അഞ്ച് വർഷം കൊണ്ടാണ് ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമംഗ് ജില്ലയിലെ തവാംഗിനെയും അസമിലെ തേസ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ടണൽ 13,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യ-ചൈന അതിർത്തി പ്രദേശത്ത് 825 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തിയാക്കിയത്. തുരങ്കം യാഥാർത്ഥ്യമായതോടെ പ്രദേശത്തേക്ക് എത്തിപ്പെടാൻ സൈന്യത്തിന് ഇനി എളുപ്പത്തിൽ സാധിക്കും. കൂടാതെ, തവാംഗിലേക്കുള്ള റോഡ് കണക്ടിവിറ്റി വർഷം മുഴുവൻ തടസമില്ലാതെ നിലനിർത്താനും സാധിക്കും.