പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മുറിയടച്ചു, ഒരുമണിക്കൂറായിട്ടും തുറന്നില്ല: യുവതിയെ പീഡിപ്പിച്ച മൗലാന അറസ്റ്റിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് (50) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദർഗ സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിനിയായ 24 വയസുകാരിയെ ആണ് പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പ്രതി പീഡിപ്പിച്ചത്. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ കിച്ചോച്ച ഷെരീഫ് എന്ന ദർഗയിലാണ് സംഭവം.
ഇവിടെവെച്ച് ദർഗയിലെ മൗലാന മുഹമ്മദ് അഷ്‌റഫിനെ യുവതി പരിചയപ്പെട്ടു. ഭൂത,പ്രേത ബാധകളുടെ ആക്രമണത്തിന് യുവതി ഇരയാവുകയാണെന്നും , തന്റെ ആത്മീയ ശക്തി ഉപയോഗിച്ച് യുവതിയെ സുഖപ്പെടുത്താമെന്നും മുഹമ്മദ് അഷ്‌റഫ് യുവതിയോട് പറഞ്ഞു .
ആത്മീയ ചികിത്സയ്‌ക്കായി യുവതിയുടെ കുടുംബാംഗങ്ങളോട് പുറത്ത് നിൽക്കാൻ മൗലാന ആവശ്യപ്പെട്ടു. തുടർന്ന് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി. പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ, കുടുംബത്തെ ഇല്ലാതാക്കുമെന്ന് മൗലാന അഷ്റഫ് ഭീഷണിപ്പെടുത്തി.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നു. തുടർന്ന് യുവതി സംഭവിച്ചതൊക്കെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു മുഹമ്മദ് അഷ്‌റഫിന്റെ ഭീഷണി. എന്നാൽ ഇതിനു വഴങ്ങാതെ യുവതി മൗലാനയ്‌ക്കെതിരെ ബാസ്ഖരി സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് മൗലാന മുഹമ്മദ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .