അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനും ഡിഎംകെ നേതാവുമായ തമിഴ് സിനിമാ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍
ന്യൂഡല്‍ഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജാഫര്‍ സാദിഖിനെ പിടികൂടിയതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവന്‍ എന്നാണ് എന്‍സിബി ജാഫര്‍ സാദിഖിനെ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും കടത്തിയത്. ജാഫര്‍ സാദിഖ് 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ 45 തവണ വിദേശത്തേക്ക് അയച്ചതായി ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാല് സിനിമകള്‍ നിര്‍മിച്ച ജാഫര്‍ സാദിഖിന്റെ പുതിയ ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ജാഫര്‍ സാദിഖിലേക്ക് എത്തിയത്. യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനുമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.