ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കും: മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട് : ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാനപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മുമ്പ് യുപി ആയിരുന്നു ഇന്ത്യയുടെ ഭരണം നിശ്ചയിച്ചിരുന്നതെങ്കിൽ ഇക്കുറി ഭരണം തീരുമാനിക്കുന്നത് തെക്കേ ഇന്ത്യ ആയിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
രാജ്യം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ മൂല്യങ്ങൾ കേന്ദ്രത്തിലെ മോദിസർക്കാർ അനുദിനം കാറ്റിൽപ്പറത്തുകയാണെന്ന് കോഴിക്കോട് ലോക്‌സഭാമണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ തങ്ങൾ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തിരഞ്ഞെടുത്ത, ഒരു ഏകാധിപത്യസർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര സർവേയിൽ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മനസ്സ് ഐക്യജനാധിപത്യമുന്നണിയോടൊപ്പമാണ്. മുന്നണിയുടെ സ്ഥാനാർഥിപ്പട്ടിക ഇക്കുറി അടിപൊളിയാണ്. മതേതരചേരിയിൽ നിൽക്കുന്നവരുടെ ഹൃദയത്തെ കോരിത്തരിപ്പിക്കുന്ന ലിസ്റ്റാണ് അതെന്നും തങ്ങൾ പറഞ്ഞു. പാർലമെന്റിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് ഉറപ്പുനൽകുന്ന സ്ഥാനാർഥികളാണ് എല്ലാവരും.
ജനാധിപത്യസർക്കാരിനുള്ള റേറ്റിങ്ങിൽ ആ സർവേയിൽ രാജ്യത്തിൻറെ സ്ഥാനം 167-ാമതാണ്. ജനാധിപത്യധ്വംസനങ്ങളെക്കുറിച്ചാണ് അതിൽ കൂടുതൽ പറയുന്നത്. ഇതൊന്നും ഇവിടെ ചർച്ചയായിട്ടില്ല. അന്തർദേശീയതലത്തിൽ രാജ്യത്തിന്റെ ഗ്രാഫ് താഴോട്ടുപോകുന്ന ഒരു ഘട്ടത്തിലാണ് 2024-ലെ തിരഞ്ഞെടുപ്പ് വരുന്നത്. ഇന്ത്യയെ വീണ്ടെടുക്കുന്നതിന് ശക്തിപകരാൻ ഐക്യജനാധിപത്യമുന്നണിക്കൊപ്പം ഒറ്റക്കെട്ടായി മുസ്‌ലിംലീഗുണ്ടാവുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.