പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. പ്രചാരണത്തിന് ഊർജംപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പത്തനംതിട്ടയിൽ. പ്രധാന മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്.
സംസ്ഥാനത്തെ എൻ.ഡി.എ.യുടെ പ്രചാരണവിഷയങ്ങളും അജൻഡയും എന്തെന്ന് വ്യക്തമായ സൂചന നൽകുന്നതായിരിക്കും പ്രധാനമന്ത്രി വെള്ളിയാഴ്ച നടത്തുന്ന പ്രസംഗമെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച 11-ഓടെ ജില്ലാസ്റ്റേഡിയത്തിലെ പൊതുസമ്മേളനവേദിയിൽ പ്രധാനമന്ത്രിയെത്തും.
പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിക്കുപുറമേ സമീപമണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും. കൂടാതെ, 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.