ചെന്നൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്.
ഭര്‍ത്താവ് ഉമ്മറിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഉമ്മറുമായി സയ്യിദ് അലി ഫാത്തിമയുടെ വിവാഹം നടന്നത് ഇതിന് ശേഷം ദമ്പതികള്‍ മടിപ്പാക്കത്തിനടുത്തുള്ള ബിരിയാണി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. വിവാഹം മുതല്‍ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വഴക്ക് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഫാത്തിമയുടെ മാതാവ് പാല്‍ക്കീസ് എത്തി ഇരുവരെയും അയനാവരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് 9)നാണ് ദമ്പതികള്‍ പല്‍ക്കീസിന്റെ വീട്ടില്‍ നിന്ന് കുറച്ച് അകലെയുള്ള വസന്ത ഗാര്‍ഡനിലെ വീട്ടിലേക്ക് താമസം മാറിയത്.
ഗൃഹപ്രവേശ ചടങ്ങിന് ശേഷം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ ഫാത്തിമ ബുര്‍ഖ ധരിക്കാതെ അയല്‍വീടുകളില്‍ പോയതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഫാത്തിമയെ ഉമ്മര്‍ അസഭ്യം പറഞ്ഞതായി ഫാത്തിമയുടെ മാതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച വീട്ടില്‍ എത്തിയപ്പോള്‍ മകള്‍ ഉറക്കെ കരയുകയായിരുന്നുവെന്നും ഇതിനെ കുറിച്ച് ഉമ്മറിനോട് ചോദിച്ചോള്‍ തന്നെ അസഭ്യം പറയുകയും ചെയ്തുവെന്ന് പാല്‍ക്കീസ് പറയുന്നു.
രാത്രി ഏറെ വൈകിയും ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും ദേഷ്യത്തില്‍ ഉമ്മര്‍ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് ഉമ്മര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തിയപ്പോള്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ ഫാത്തിമ സോഫയില്‍ കിടക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വലിയ ചട്ടുകം ഉപയോഗിച്ചാണ് ഫാത്തിമയെ ആക്രമിച്ചതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഉമ്മറിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.