ഹോളി: തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾക്ക് അനുമതി നൽകി ഇന്ത്യൻ റെയിൽവേ


ന്യൂഡൽഹി: ഹോളി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ സോണുകൾ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഏകദേശം 540-ലധികം സർവീസുകൾ ഉണ്ടായിരിക്കും. രാജ്യത്തെ പ്രധാന ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് സർവീസുകൾ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ
വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

റെയിൽവേ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, ഡൽഹി- പട്ന, ഡൽഹി- ഭഗൽപൂർ, ഡൽഹി-മുസാഫർപൂർ, ഡൽഹി-സഹർസ, ഗോരഖ്പൂർ- മുംബൈ, കൊൽക്കത്ത-പുരി, ഗുവാഹത്തി- റാഞ്ചി, ന്യൂഡൽഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, ജയ്പൂർ- ബാന്ദ്ര ടെർമിനസ്, പൂനെ- ദാനാപൂർ, ദുർഗ്-പട്‌ന, ബറൗനി-സൂറത്ത് എന്നീ റൂട്ടുകളിലേക്കാണ് സർവീസ് നടത്തുക. ഇവയിൽ സെൻട്രൽ റെയിൽവേ 88 ട്രെയിൻ സർവീസുകളും, ഈസ്റ്റ് സെൻട്രൽ റെയിൽവേ 79 ട്രെയിൻ സർവീസുകളും, നോർത്ത് റെയിൽവേ 93 സർവീസുകളുമാണ് നടത്തുന്നത്. യാത്ര സുഗമമാക്കാൻ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം നമ്പറുകൾ ഉൾപ്പെടെ ട്രെയിൻ എത്തുന്നതും പോകുന്നതുമായ അറിയിപ്പുകളും മറ്റും നൽകുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.