ഇന്ത്യയെയും ഭൂട്ടാനെയും ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിയിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ, ഭൂട്ടാനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കൊക്രജാർ-ഗെഫലു റെയിൽ ലിങ്ക്, ബനാർഹെഡ് സാംസെ റെയിൻ ലിങ്ക് എന്നിവ ഉടൻ യാഥാർത്ഥ്യമാകും. ഇതിനുപുറമേ, നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഊർജ്ജ, വ്യാപാര, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശ, കാർഷിക മേഖലകളുമായി ബന്ധപ്പെട്ടും രാഷ്ട്രത്തലവന്മാർ ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് എത്തിക്കുന്ന പെട്രോളിയം, എണ്ണ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതിനോടൊപ്പം ഭൂട്ടാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രസ്തുത കരാറിലൂടെ രണ്ട് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി-ഇറക്കുമതി നടപടിക്രമങ്ങൾ വർദ്ധിക്കുകയും, വ്യാപാര സാധ്യതകൾ വലിയ തോതിൽ ഉയരുന്നതുമാണ്.