ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസിര്‍ഹട്ട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് പെണ്‍കുട്ടി. എം എസ് പത്രയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, പ്രധാനമന്ത്രി അവരോട് സന്ദേശ്ഖാലിയിലെ ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുകയും അവരെ ശക്തി സ്വരൂപ (ശക്തിയുടെ ആള്‍രൂപം) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബംഗാളിയിലാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്.

സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ദൈവത്തെപ്പോലെയാണെന്ന് എം എസ് പത്ര പറഞ്ഞു. സന്ദേശ്ഖാലിയുടെ സ്ത്രീകള്‍ തന്നെ അനുഗ്രഹിച്ചതില്‍ നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.

കഴിഞ്ഞ മാസം, സന്ദേശ്ഖാലിയില്‍ തൃണമൂല്‍ നേതാവായ ഷാജഹാനും അദ്ദേഹത്തിന്റെ സഹായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ടിഎംസി ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് മാസത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ അദ്ദേഹത്തെ ഫെബ്രുവരി 29ന് അറസ്റ്റ് ചെയ്തു. പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഷാജഹാനെ സിബിഐക്ക് കൈമാറി.