ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ഇന്ത്യയിലെ ഈ നഗരത്തിന്:പിന്നിലാക്കിയത് ചൈനയുടെ ബെയ്ജിങ്ങിനെ


മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ബെയ്ജിങ്ങിന് നഷ്ടമായി. 92 ശതകോടീശ്വരന്മാരുമായി മുംബൈ നഗരമാണ് ഈ പദവി സ്വന്തമാക്കിയിരിക്കുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024 ഹുറൂൺ ആഗോള അതിസമ്പന്ന പട്ടിക അനുസരിച്ച് ബെയ്ജിങ്ങിൽ 91 ശതകോടീശ്വരന്മാരാണുള്ളത്. 26 പുതിയ ശതകോടീശ്വരമാരാണ് മുംബൈയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ചത്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അതിവേഗ വളർച്ചയാണ് മുംബൈ കാഴ്ചവെച്ചത്. ആ​ഗോളതലത്തിൽ മുംബൈ മൂന്നാം സ്ഥാനത്താണ്.

ആഗോളതലത്തിൽ ന്യൂയോർക്കും ലണ്ടനുമാണ് ആദ്യസ്ഥാനങ്ങളിൽ. ന്യൂഡൽഹി പട്ടികയിൽ പത്താം സ്ഥാനത്തെത്തി. ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ജർമനിയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.- 271 പേർ. 814 പേരുമായി ചൈന ഒന്നാമതും 800 പേരുമായി യു.എസ്. രണ്ടാമതുമാണ്. ചൈനയിൽ 55 പേരും അമേരിക്കയിൽ 132 പേരും പുതുതായി പട്ടികയിലെത്തി. ഇന്ത്യയിൽനിന്ന് 94 പേരാണ് പുതുതായി പട്ടികയുടെ ഭാഗമായത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുതിയ ശതകോടീശ്വർമാർ വന്നത് ഇന്ത്യയിൽനിന്നാണ്. 2013 -നു ശേഷം ഇത്രയധികം പേർ പട്ടികയിലേക്കെത്തുന്നതും ആദ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ റൂപർട്ട് ഹൂഗൻവെർഫ് പറഞ്ഞു.

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി ഒരു ലക്ഷം കോടി ഡോളറായി കൂടി. ആഗോളതലത്തിൽ അതിസമ്പന്നരുടെ ആസ്തിയുടെ ഏഴു ശതമാനം വരുമിത്. സ്റ്റാർട്ടപ്പുകളുടെ കടന്നുവരവാണ് ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം പെട്ടെന്ന് ഉയരാൻ കാരണമായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ 3,279 ശതകോടീശ്വരൻമാരാണുള്ളത്. ഇവരുടെ ആസ്തിയിൽ 15 ലക്ഷം കോടി ഡോളറിന്റെ വർധനയുണ്ടായി. ഇന്ത്യയിൽ ഏഴു പേർ പട്ടികയ്ക്കു പുറത്തുപോയപ്പോൾ ചൈനയിൽ 208 പേർ പിന്തള്ളപ്പെട്ടു. ചൈനീസ് ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 2.6 ലക്ഷം കോടി ഡോളറാണ്.

ഇന്ത്യയിൽ ഫാർമ മേഖലയിലാണ് ശതകോടീശ്വരന്മാർ കൂടുതലുള്ളത്. 39 പേർ. ഓട്ടോമൊബൈൽ മേഖല 27, രാസമേഖല 24 എന്നിവ രണ്ടും മൂന്നും സ്ഥാനത്തു വരുന്നു. ഇന്ത്യയിൽ ആസ്തിയിൽ മുന്നിലുള്ളത് റിലയൻസ് ഉടമ മുകേഷ് അംബാനിയാണ്. 11,500 കോടി ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 8,600 കോടി ഡോളറിന്റെ ആസ്തിയുണ്ട്. മുംബൈയിലെ 92 ശതകോടീശ്വരന്മാർക്കായി ആകെ 44,500 കോടി ഡോളറിന്റെ ആസ്തിയാണ് കണക്കാക്കുന്നത്.