ജയം ഉറപ്പുള്ള തന്റെ മണ്ഡലം ഉദയനിധിയുടെ വിശ്വസ്തന് കൊടുത്തു: ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു
കോയമ്പത്തൂർ: ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്.
തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. കഴിഞ്ഞ തവണ ഈറോഡ് മണ്ഡലത്തിൽ ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച ഗണേശമൂർത്തി 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ മകൻ ദുരൈക്ക് സുരക്ഷിത മണ്ഡലം നൽകാനായി വൈക്കോ ഡിഎംകെയിൽ നിന്ന് തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങി.
എംഡിഎംകെയുടെ സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഈറോഡിൽ ഉദയനിധി സ്റ്റാലിന്‍റെ വിശ്വസ്തൻ കെ.ഇ. പ്രകാശിനെ സ്ഥാനാർത്ഥിയുമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്.
1998ലെയും 2009ലെയും ലോക്സഭ തെരഞ്ഞെടുപ്പിലും ഗണേശമൂർത്തി വിജയിച്ചിട്ടുണ്ട്..ഡിഎംകെ മന്ത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.