തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അനിൽ ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നുമാണ് അച്ചു നൽകുന്ന വിശദീകരണം.
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മൻചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നിരുന്നു.
പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആൻ്റണി നേരിടുന്നത്. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.