ജയിലിനുള്ളിലിരുന്ന് ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി അരവിന്ദ് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ കേസില്‍ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവിയും രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷയും പ്രധാന ലക്ഷ്യങ്ങളില്‍ ചിലതാണ്. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ലോക്തന്ത്ര ബച്ചാവോ പ്രതിപക്ഷ റാലിയില്‍ ഭാര്യ സുനിത കെജ്രിവാളാണ് കെജ്രിവാളിന്റെ സന്ദേശം അറിയിച്ചിരിക്കുന്നത്.

കെജ്രിവാള്‍ നല്‍കിയ ആറ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി

എല്ലാ ഗ്രാമങ്ങളിലും പരിസരങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കുക

എല്ലാ ഗ്രാമങ്ങളിലും പരിസരങ്ങളിലും മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുക

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക

ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള്‍ റാലിയില്‍ വായിക്കാന്‍ നല്‍കിയ കത്തിലാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുള്ളത്.