ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണിത്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൂടി ഇഡി നടപടിയിലേക്ക് കടന്നേക്കും.
Read Also: എന്‍ഐഎയ്ക്ക് പുതിയ മേധാവി
വൈകീട്ട് നാല് മണിയോടെയാണ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചത്. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് തിഹാര്‍ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രത്യേക ഡയറ്റിനുള്ള സൗകര്യവും ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.