ആര്യ മാതാപിതാക്കളുടെ ഏകമകൾ, വിവാഹം അടുത്തമാസം: അധികം ആരോടും അടുക്കാത്ത യുവതിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ തോട്ടയം ദമ്പതികളായ നവീനും ദേവിക്കുമൊപ്പം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ മാതാപിതാക്കളുടെ ഏകമകൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാറിന്റെയും ഭാര്യ മഞ്ജുവിന്റെയും മകളായ ആര്യയുടെ വിവാഹവും നിശ്ചയിച്ചുറപ്പിച്ചതിന് ശേഷമാണ് ദാരുണ സംഭവം. അടുത്തമാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിലാണ് വിവാഹ ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് ആര്യയെ കാണാതാകുന്നതും ഇന്നലെ ഇറ്റാനഗറിലെ ഹോട്ടലിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതും.കഴിഞ്ഞവർഷം ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിച്ചുംതുടങ്ങിയിരുന്നു. സ്കൂളിൽനിന്നു ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു.
വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാർ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു. സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായ ആര്യ പൊതുവെ ആരുമായും സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നാണു നാട്ടുകാർ പറയുന്നത്. സ്കൂളിൽനിന്ന് ഓട്ടോയിൽ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു കയറിപ്പോകുന്നതാണു പതിവ്. വീട്ടിലും കുട്ടികളെ ആര്യ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു. അതേസമയം, ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന് കുടുംബത്തെ വിവരം അറിയിച്ച അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു.
സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. മരിക്കാൻ അരുണാചൽ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറയുന്നു.
എന്നാൽ മരണാനന്തര ജീവിതത്തെ കുറിച്ച് മൂന്ന് പേരും ഇൻ്റെർനെറ്റിൽ തിരഞ്ഞതിൻറെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂർകാവ് പൊലീസിന് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
പൊലീസ് അന്വേഷണത്തിൽ ആര്യ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്താൻ സാധിച്ചു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. തിരച്ചിലിൽ ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് 28നാണ് നവീനും ഭാര്യ ദേവിയും ഇവരുടെ സുഹൃത്ത് ആര്യയും ഇറ്റാനഗറിൽ നിന്നും 120 കിലോമീറ്റർ മാറി സിറോയെന്ന സ്ഥലത്ത് ബ്ലൂ പൈൻ എന്ന ഹോട്ടലിവ്‍ മുറിയെടുത്തത്. അരുണാചലിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. മാർച്ച് 31 വരെ നാലു ദിവസം ഹോട്ടലിലെ റസ്റ്റോറന്റിൽ എത്തിയാണു നവീനും ദേവിയും ആര്യയും ആഹാരം കഴിച്ചിരുന്നത്.
എന്നാൽ പിന്നീട് ഇവർ റസ്റ്റോറന്റിലേക്ക് എത്തിയില്ല. രണ്ടുദിവസം തുടർച്ചയായി മൂന്നുപേരെയും മുറിക്ക് പുറത്ത് കാണാതായകോടെ ഹോട്ടൽ ജീൂവനക്കാർ അന്വേഷിച്ച് ചെല്ലുകയായിരു്നു. ഇന്നലെ രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തു കാണാതായതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലേക്കു തിരക്കി പോവുകയായിരുന്നു. കോളിങ് ബെൽ മുഴക്കിയിട്ടും അനക്കമൊന്നും ഇല്ലാതായതോടെയാണു മുറി ഉള്ളിൽനിന്നു കുറ്റിയിട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
മുറിക്കുള്ളിലേക്കു പ്രവേശിക്കുമ്പോൾ സ്ത്രീകളിൽ ഒരാൾ കട്ടിലിലും മറ്റൊരാൾ നിലത്തും മരിച്ചു കിടക്കുകയായിരുന്നു. ഇരുവരുടെയും കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മുറിയിലെ ശുചിമുറിയിലാണു നവീന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മുറിക്കുള്ളിലെ മേശയിൽ ആത്മഹത്യ കുറിപ്പുണ്ടായിരുന്നു. കുറിപ്പിനോടൊപ്പം നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചെങ്കിലും സംശായസ്പദമായ ഒന്നും കണ്ടെത്തിയില്ല. മുറിക്കുള്ളിൽ നിന്നും മദ്യക്കുപ്പിയും ബ്ലേഡും കണ്ടെടുത്തിട്ടുണ്ട്. മൂവരും തമ്മിൽ മൽപ്പിടുത്തം നടന്നതായി സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വൈകുന്നേരത്തോടെ ഇറ്റാനഗറിൽനിന്നു ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നാണ് റിപ്പോർട്ട്.