ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ഇതിലും വലിയ ഉയരങ്ങളില്‍ എത്തും:പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രത്യേക പ്രചാരണ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഇത്തവണ പ്രചാരണം. മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ശക്തമായി പ്രചാരണം നടത്താനെത്തും.

മഹാരാഷ്ട്രയില്‍ 18 റാലികളും ബിഹാറില്‍ 15 റാലികളും തീരുമാനിച്ചിട്ടുണ്ട് . ഏപ്രില്‍ 9 മുതല്‍ 12 വരെ നാല് ദിവസം തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. റോഡ് ഷോകളും റാലികളും ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ചെന്നൈയിലും കോയമ്പത്തൂരിലും പ്രധാനമന്ത്രി റോഡ് ഷോയും നടത്തും. വിരുദ്നഗറില്‍ പൊതുയോഗവും ഉണ്ടാകും.

ബിഹാറിലും മഹാരാഷ്ട്രയിലും ശക്തമായ പ്രകടനം ലക്ഷ്യമിട്ടാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഇതിനിടെ, നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയും നടത്തി. ഇന്ത്യയെയും ആന്ധ്രാപ്രദേശിനെയും വികസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇവിടെ നടന്ന റാലിയില്‍ അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍, നമ്മുടെ സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ രാജ്യം ഇതിലും വലിയ ഉയരങ്ങളില്‍ എത്തുമെന്നും മോദി പറഞ്ഞു.