വീട്ടുകാരെ എതിർത്ത് കാമുകനുമായി ഒളിച്ചോടി; യുവതിയുടെ ഭർതൃമാതാവിനെ മർദിച്ച് നഗ്നയാക്കി നടത്തിച്ച് വധുവിന്റെ കുടുംബം
പഞ്ചാബ്: യുവതിയുടെ ഭർതൃമാതാവിനെ നഗ്നയാക്കി മർദ്ദിച്ച് വധുവിന്റെ കുടുംബം. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് പെൺകുട്ടി വിവാഹം കഴിച്ചതാണ് ഈ ക്രൂരകൃത്യത്തിന് കാരണമായത്. പഞ്ചാബിലെ അമർകോട്ടിലാണ് സംഭവം. ഭർതൃമാതാവിനെ യുവതിയുടെ കുടുംബം മർദിക്കുകയും അർധനഗ്നയാക്കി നടത്തുകയും ചെയ്തു.സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.
യുവതിയുടെ അമ്മ കുൽവീന്ദർ കൗർ മണി, സഹോദരങ്ങളായ ശരൺജിത് സിങ് ഷാനി, ഗുർചരൺ സിങ്, കുടുംബ സുഹൃത്ത് സണ്ണി സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമണത്തിന് ഇരയായ സ്ത്രീയുടെ മകൻ അടുത്തിടെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തനിച്ചായ അമ്മയെ തേടി മരുമകളുടെ കുടുംബം എത്തി. ശേഷം ഇവരെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയുമായിരുന്നു. അർധനഗ്നയായ സ്ത്രീയെ സംഘം ഗ്രാമത്തിലൂടെ പരേഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും വീഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ബെംഗാളിൽ നിന്ന് പഞ്ചാബിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് ബിജെപി നേതാവ് ആർ പി സിങ് പറഞ്ഞു.